കണ്ണൂർ: ഇരിട്ടി, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെയും ഇരിക്കൂർ ബ്ലോക്ക് പരിധിയിലെ ഏതാനും പഞ്ചായത്തുകളിലെയും കുടുംബശ്രീ ഓക്സസിലറി അംഗങ്ങളുടെ സർഗോത്സവം മെയ് 22,23 തിയ്യതികളിൽ പേരാവൂർ പഞ്ചായത്തിലെ മണത്തണ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തും. 18 മുതൽ 40 വയസ്സുവരെയുള്ളവരും അയൽക്കൂട്ടത്തിൽ അംഗമല്ലാത്തവരുമായ യുവതികളാണ് ഓക്‌സിലറി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മയായ കുടുംബശ്രീ പ്രസ്ഥാനം 26 വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കുടുംബശ്രീ അംഗങ്ങളുടെയും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനു വേണ്ടി അരങ്ങ് -2024 എന്ന പേരിൽ കലോത്സവം സംസ്‌ഥാന തലത്തിൽ സംഘടിപ്പിക്കുന്നതാണ്. ഇരിട്ടി ക്ലസ്‌റ്റർ തല കലോത്സവമാണ് മണത്തണയിൽ സംഘടിപ്പിക്കുന്നത്. ഇരിട്ടി -പേരാവൂർ ബ്ലോക്കുകളിലെ സി ഡി എസ്സുകളും ഇരിക്കൂർ ബ്ലോക്കിലെ ഉളിക്കൽ,പടിയൂർ,ഇരിക്കൂർ സി ഡി എസ്സുകളും ചേർന്ന് 18 സി ഡി എസ്സുകളിൽ നിന്നായി 800 ൽ പരം കലാകാരികൾ ക്ലസ്‌റ്റർ മത്സരങ്ങളിൽ പങ്കെടുക്കും. സണ്ണി ജോസഫ് എംഎൽഎ രക്ഷധികാരിയായും പഞ്ചായത്ത് പ്രസിഡന്റ് പി പി വേണുഗോപാൽ ചെയർമാനായും നൈൽ കോട്ടായി ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു. 4 വേദികളിലായി 40 മത്സരങ്ങൾ സ്‌റ്റേജ്, സ്‌റ്റേജ് ഇതര വിഭാഗത്തിൽ ഉണ്ടാകും . കുടുംബശ്രീ കലോത്സവത്തിന്റെ ഭാഗമായി ഭക്ഷണാവശ്യത്തിനായുള്ള വിഭവങ്ങൾ കുടുംബശ്രീ സി ഡി എസ്സുകളിൽ നിന്ന് ശേഖരിക്കും. മെയ് 21 ന് പേരാവൂർ കുടുംബശ്രീ അംഗങ്ങളുടെ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും. മെയ് 22 ന് സ്റ്റേജിതര മത്സരങ്ങളും 23 ന് സ്റ്റേജിന മത്സരങ്ങളുമാണ് നടക്കുക. 23 ന് വൈകുന്നേരം പേരാവൂർ പഴയ ബസ് സ്റ്റാൻ്റിൽ ശിങ്കാരി മേള മത്സരവും നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ, സി.ഡി.എസ് ചെയർ പേഴ്സൺ ശാനി ശശീന്ദ്രൻ, ജനറൽ കൺവീനർ നൈൽ കോട്ടായി, സ്റ്റാൻ്റിംങ് കമ്മറ്റി ചെയർപേഴ്സൻ റീന മനോഹരൻ, ടി. വി. ജിതേഷ് എന്നിവർ പറഞ്ഞു.
Kudumbashree with art competition of auxiliary members.